ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഇന്ത്യ സന്ദർശിക്കും. 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് പുടിന് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം.
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് 2025 ഡിസംബര്‍ 4-5 തീയതികളില്‍ ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും,'-വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഇന്ത്യയിലെത്തുന്ന പുടിൻ രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒരുക്കുന്ന വിരുന്നില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്താനും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും പുടിന്റെ സന്ദര്‍ശനം ഗുണം ചെയ്യും. പ്രാദേശിക, ആഗോള വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറാനും അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആഗസ്റ്റില്‍ മോസ്കോ സന്ദര്‍ശിച്ച വേളയിലാണ് റഷ്യന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രഖ്യാപിച്ചത്. അന്ന് തീയതികള്‍ അന്തിമമായിരുന്നില്ല.